അടൂർ: സംസ്ഥാനത്തെ കാലിസമ്പത്തിന്റെ വർധന ലക്ഷ്യമിട്ട് കന്നുകുട്ടികളെ ദത്തെടുക്കുന്ന പദ്ധതി വ്യാപിപ്പിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി. ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ജില്ലാ ക്ഷീരസംഗമം - നിറവ് 2025 ന്റെ സമാപനത്തോടനുബന്ധിച്ച് അടൂർ കണ്ണങ്കോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ പാരീഷ് ഹാളിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. കാലിസമ്പത്ത് കുറയുന്നതാണ് ക്ഷീരമേഖലയുടെ വലിയ വെല്ലുവിളി. ഇത് മറികടക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ കിടാരി പാർക്കുകൾ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ക്ഷീരകർഷകർക്ക് കേരള ബാങ്കിൽനിന്നും ഒരു ലക്ഷം മുതൽ മൂന്നു ലക്ഷം വരെ ഗവൺമെന്റ് പലിശ അടയ്ക്കുന്ന പദ്ധതിയിൽ വായ്പ ആവിഷ്കരിച്ചിട്ടുണ്ട്.
ക്ഷീരകർഷകർക്ക് ആരോഗ്യ ഇൻഷ്വറൻസ് സംരക്ഷണം രണ്ടു ലക്ഷം രൂപ വരെയും അപകടത്തിൽ മരണപ്പെട്ടാൽ ഏഴു ലക്ഷം രൂപ വരെയുമുള്ള സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
ക്ഷീരകർഷകരുടെ മക്കൾക്ക് വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് മിൽമയുടെ ഒഴിവുകളിൽ മുൻഗണന കൊടുത്ത് നിയമിക്കണമെന്ന ഓർഡർ സർക്കാർ പുറത്തിറക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ് റിപ്പോർട്ട് അവതരിപ്പിച്ചു.ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി. ഉണ്ണിക്കൃഷ്ണൻ, റ്റിആർസിഎംപിയു ചെയർമാൻ മണി വിശ്വനാഥ്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. മണിയമ്മ, അടൂർ നഗരസഭാ ചെയർമാൻ കെ. മഹേഷ് കുമാർ, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞുമ്മ കുറുപ്പ്, റ്റിആർസിഎംപിയു അംഗങ്ങളായ മുണ്ടപ്പള്ളി തോമസ്, പി.വി. ബീന,
മേലൂട് ക്ഷീരസംഘം പ്രസിഡന്റ് എ.പി. ജയൻ, പറക്കോട് ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ റോഷൻ ജേക്കബ്, ആർ. തുളസീധരൻപിള്ള, എ.പി. സന്തോഷ്, സിപിഐ സംസ്ഥാന കമ്മിറ്റിയംഗം ഡി. സജി, മലയാലപ്പുഴ ശശി, ഷിബു ബി., സന്ധ്യാ രാജ്, ഡെപ്യൂട്ടി ഡയറക്ടർ പി. അനിത എന്നിവർ പ്രസംഗിച്ചു.
യോഗത്തിൽ മികച്ച ക്ഷീരകർഷകരെ ആദരിക്കുകയും വിവിധ മത്സരങ്ങളിലെ വിജയികൾക്കായുള്ള സമ്മാനദാനവും നടന്നു. ക്ഷീരകർഷകർക്കായി നടന്ന സെമിനാറിൽ കെഎൽഡി ബോർഡ് ഡെപ്യൂട്ടി മാനേജർ ഡോ. വി.ആർ. ജിതിൻ വിഷയം അവതരിപ്പിച്ചു. ജോയിന്റ് ഡയറക്ടർ ഷീബ ഖമർ മോഡറേറ്ററായിരുന്നു. നാട്ടുശാസ്ത്രം പരിപാടിക്ക് സജോ ജോഫ് നേതൃത്വം നൽകി.
ഡയറി എക്സ്പോയിൽ മിൽമ, കേരള ഫീഡ്സ് എന്നിവയുടെ വിവിധ ഉത്പനങ്ങളുടെയും കാർഷിക - ക്ഷീര മേഖലയിൽ ഉപയോഗിച്ചുപോരുന്ന വിവിധ യന്ത്രോപകരണങ്ങളുടെയും കാലിത്തീറ്റയുടെയും പ്രദർശനവും വില്പനയും നടന്നു.